മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

By Web Desk, Malabar News
Vinod Dua
വിനോദ് ദുവ
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ വിനോദ് ദുവ (67) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ ആണ് അന്ത്യം. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാദ്ധ്യമ രംഗത്തെ മികവിന് 2008ൽ പത്‌മശ്രീക്ക് അർഹനായ വിനോദ് ദുവ 1996ൽ ‘രാംനാഥ് ഗോയങ്ക’ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദൃശ്യ മാദ്ധ്യമ പ്രവർത്തകനാണ്. 2017ൽ മാദ്ധ്യമ രംഗത്തെ മികവിന് മുംബൈ പ്രസ് ക്ളബിന്റെ റെഡിങ്ക് പുരസ്‌കാരം നേടി. ടിവി ടുഡെ, സീ ടിവി, സഹാറ ടിവി, ദ് വയർ, അമൃത്‌സർ ടിവി തുടങ്ങിയ മാദ്ധ്യമ സ്‌ഥാപനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2020 മാർച്ച് 30ൽ യുട്യൂബിലൂടെ സംപ്രേക്ഷണം ചെയ്‌ത ദൃശ്യ മാദ്ധ്യമ പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചു നടത്തിയ പരാമർശങ്ങളുടെ പേരിൽ ദുവയ്‌ക്കെതിരെ ചുമത്തിയ കേസ്, ഈ വർഷം ആദ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962ലെ വിധിയുടെ സംരക്ഷണം മാദ്ധ്യമ പ്രവർത്തകർക്കുണ്ടെന്ന കേസിലെ സുപ്രീം കോടതി വിധി ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

1954 മാർച്ച് 11നാണ് ദുവയുടെ ജനനം. ഹൻസ് രാജ് കോളേജിൽ നിന്ന് സാഹിത്യത്തിൽ ബിരുദവും ഡെൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1974ൽ യുവാക്കൾക്കായി ദൂരദർശനിൽ (അന്നത്തെ ഡെൽഹി ടെലിവിഷൻ) തുടക്കമിട്ട ഹിന്ദി പരിപാടി ‘യുവ മഞ്ചി’ലൂടെയായിരുന്നു ടെലിവിഷൻ സ്ക്രീനിലെ അരങ്ങേറ്റം.

1981ൽ വിനോദ് ദുവയുടെ ‘ആപ് കേ ലിയേ’ എന്ന പ്രതിവാര ടിവി ഷോ ഏറെ ശ്രദ്ധേയമായി. 1984ൽ പ്രണോയ് റോയിയുമൊത്ത് ദൂരദർശനിൽ നടത്തിയ തിരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെയാണ് ദുവ ദേശീയ ശ്രദ്ധ  പിടിച്ചുപറ്റിയത്. നിരവധി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞെടുപ്പ് വിശകലനം നടത്താൻ ഇത്  ദുവയ്‌ക്ക്‌ സഹായകമായി.

കോവിഡ് രോഗബാധയെ തുടർന്ന് ഈ വർഷം ജൂണിൽ ദുവയുടെ  ഭാര്യയും റേഡിയോളജിസ്‌റ്റുമായ പത്‌മാവതി (ചിന്ന ദുവ- 61) അന്തരിച്ചിരുന്നു. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബർകുർ ദുവയും ക്ളിക്കൽ സൈക്കോളജിസ്‌റ്റ് ബക്കുൽ ദുവയുമാണ് മക്കൾ.

Kerala News: കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE