രാജ്യദ്രോഹകുറ്റം പുനർനിർവചിക്കണം

By Syndicated , Malabar News
the-sedition-law-must-be-redefined
Ajwa Travels

പ്രശസ്‌ത ഇന്ത്യൻ പത്രപ്രവർത്തകൻ വിനോദ് ദുവെയ്‌ക്കെതിരെ ഹിമാചൽപ്രദേശ് ഗവൺമെന്റ് ചുമത്തിയിരുന്ന രാജ്യദ്രോഹകുറ്റം റദ്ദു ചെയ്‌തുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം ജൂൺ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ദേശവ്യാപകമായി എല്ലാ ജനാധിപത്യവാദികളും സ്വാഗതം ചെയ്‌തിട്ടുണ്ട്.

സർക്കാരിനെയോ അതിന്റെ ഭാഗമായിട്ടുള്ള ആളുകളെയോ വിമർശിക്കാൻ ഒരു ഇന്ത്യൻ പൗരനവകാശമുണ്ടെന്നു പറഞ്ഞ ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് കലാപത്തിന് ആഹ്വാനം നൽകുന്ന നിർദ്ദേശങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്ന ലക്ഷ്യങ്ങളോ ഇല്ലെങ്കിൽ ഒരാളെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കാൻ കഴിയില്ലായെന്നും വ്യക്‌തമാക്കി.

”തിരഞ്ഞെടുപ്പിൽ വോട്ടു തട്ടിയെടുക്കാൻ മരണത്തെയും ഭീകരവാദത്തെയും നരേന്ദ്ര മോദി ഉപയോഗിച്ചു. കഴിഞ്ഞ മാർച്ചുവരെ ഇന്ത്യ സാനിറ്റൈസറുകളും വെന്റിലേറ്ററുകളും ഒരു നിയന്ത്രണമില്ലാതെ കയറ്റി അയച്ചു” തുടങ്ങിയ ദുവെയുടെ വാചകങ്ങളാണ് രാജ്യദ്രോഹകുറ്റം ചുമത്താൻ ഇടയാക്കിയത്. കോവിഡ് പരിശോധനയ്‌ക്ക് രാജ്യത്ത് ആവശ്യമായ സംവിധാനമില്ലായെന്ന അഭിപ്രായപ്രകടനവും വിനോദ് ദുവെ നടത്തി. ഇതെല്ലാമാണ് രാജ്യദ്രോഹം എന്നതാണ് പൊലീസ് ഭാഷ്യം.

ഇന്ത്യയുടെ ദൂരദർശനിലും എൻഡി ടിവിയിലും പ്രവർത്തിച്ചിരുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് വിനോദ് ദുവെ. 1996ൽ പത്രപ്രവർത്തകർക്കുള്ള രാംനാഥ ഗോയങ്ക എക്‌സലൻസ് അവാർഡും 2008ൽ ഇന്ത്യാ ഗവൺമെന്റിന്റെ പത്‌മശ്രീയും 2017ൽ മുംബൈ പ്രസ് ക്ളബിന്റെ ജേർണലിസ്‌റ്റുകൾക്ക് ഉള്ള ”റെഡ് ഇങ്ക്” അവാർഡും ലഭിച്ച പ്രശസ്‌തനായ ഇന്ത്യൻ പത്രപ്രവർത്തകനാണ് അദ്ദേഹം. കേന്ദ്രഗവൺമെന്റിനെയും പ്രധാനമന്ത്രിയെയും വിമർശിച്ചതിനാണ് അദ്ദേഹത്തിനുമേൽ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലിടാൻ അധികാരികൾ തയ്യാറായത്.
the sedition law must be defined _ Adv K Prakash Babuഇന്ത്യൻ പീനൽകോഡിലെ 124 എ (സെഡീഷൻ) എന്ന വകുപ്പ് 1870ൽ എഴുതി ചേർത്തതാണ്. ജീവപര്യന്തം തടവുശിക്ഷ വിധിക്കാവുന്ന ഒരു വകുപ്പാണിത്. ബ്രിട്ടീഷാധിപത്യത്തിൽ ഞെരിഞ്ഞമർന്ന ഇന്ത്യയിൽ സ്വാതന്ത്ര്യസമരങ്ങൾ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ ധീരദേശാഭിമാനികളെ നിശബ്‌ദരാക്കാനും കൽത്തുറുങ്കിലടയ്‌ക്കാനും ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമമാണിത്. ബ്രിട്ടീഷിന്ത്യയിലാദ്യമായി ഒരു രാഷ്‌ട്രീയ പണിമുടക്ക് നടത്താൻ ഇന്ത്യൻ തൊഴിലാളിവർഗം നിർബന്ധിതമായത് ബാലഗംഗാധര തിലകനെ അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലടച്ചപ്പോഴാണ്. തിലകനെ അറസ്‌റ്റ് ചെയ്‌തപ്പോൾ ബ്രിട്ടീഷ് സിംഹാസനം ഉപയോഗിച്ച വകുപ്പ് ഇതു തന്നെ ആയിരുന്നു. മഹാത്‌മജിയെ അറസ്‌റ്റ് ചെയ്‌തതും ഇതേ വകുപ്പനുസരിച്ചായിരുന്നു.

എണ്ണമറ്റ സ്വാതന്ത്ര്യസമരസേനാനികളെ കാരാഗ്രഹ വാസത്തിനയക്കാൻ ബ്രിട്ടീഷ് അധികാരികൾ ഉപയോഗിച്ച ”രാജ്യദ്രോഹകുറ്റം” ഇന്ത്യൻ പീനൽ കോഡിൽ മെക്കാളെ പ്രഭുവാണ് 1870ൽ ഉൾപ്പെടുത്തിയത്. മെക്കാളെ പ്രഭുവിന്റെ രാജ്യമായ ഇംഗ്‌ളണ്ടിൽ 2010ൽ രാജ്യദ്രോഹകുറ്റം സംബന്ധിച്ച നിയമം റദ്ദു ചെയ്‌തു എന്നതും ഓർക്കേണ്ടതാണ്. 1950ൽ നാം ഒരു റിപ്പബ്ളിക്കാവുകയും ലിഖിതവും ശ്രേഷ്‌ഠവുമായ ഒരു ഭരണഘടനയുടെ ഉടമസ്‌ഥരാവുകയും ചെയ്‌തപ്പോൾ വ്യക്‌തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ധാരാളം ഇളനീർ രുചിക്കുവാൻ നമുക്കവസരം ലഭിച്ചു. ഒരു സാധാരണ ഇന്ത്യൻ പൗരന് നിയമപരിരക്ഷയെന്ന കവചം തീർത്തുകൊണ്ട് ഇന്ത്യൻ ഭരണഘടന ഉണ്ട് എന്ന ആത്‌മവിശ്വാസവും നമുക്ക് ഉണ്ടായി.
the sedition law must be defined _ Adv K Prakash Babuഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്‌ഥകൾക്കും വിരുദ്ധമാണ് സെഡീഷൻ നിയമം എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ഒരു കേസു വന്നു. 1962ലെ കേദാർനാഥ് സിംഗ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാരിനെയോ അതിന്റെ സ്‌ഥാപനങ്ങളിലെ ആളുകളെയോ കടുത്ത ഭാഷയിൽ വിമർശിച്ചു എന്നുള്ളതുകൊണ്ടു മാത്രം 124 എ രാജ്യദ്രോഹകുറ്റത്തിന്റെ വകുപ്പുകൾ ആകർഷിക്കപ്പെടുന്നില്ല എന്നു വ്യക്‌തമാക്കുകയും ക്രമസമാധാനപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നെങ്കിലും ഒരു കലാപം നടത്താനുള്ള ആഹ്വാനമുണ്ടെങ്കിലും മാത്രമേ സെഡീഷൻ നിലനിൽക്കുകയുള്ളു എന്നും ചീഫ് ജസ്‌റ്റിസ് ഭുവനേശ്വർ പി സിൻഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19ന്റെ ലംഘനം ഈ നിയമവ്യവസ്‌ഥയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും ഈ കേസിൽ കോടതി പരിശോധിച്ചു. ഒരു ജനാധിപത്യ രാജ്യത്തിൽ സർക്കാരിനെ വിമർശിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കാൻ ശ്രമിക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമാണ്. സ്വാതന്ത്ര്യപ്രാപ്‌തിക്കു മുൻപ് ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യൻ ദേശാഭിമാനികൾക്കെതിരെ എടുത്ത രാജ്യദ്രോഹകുറ്റ കേസുകൾക്ക് ശേഷം ഇത്രയധികം രാജ്യദ്രോഹകുറ്റത്തിന് ഇന്ത്യാക്കാരുടെ പേരിൽ കേസെടുക്കുന്നത് മോദി സർക്കാരായിരിക്കും.

the sedition law must be defined _ Adv K Prakash Babuപൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ശബ്‌ദമുയർത്തിയതിന് യുഎപിഎ കരിനിയമം ചുമത്തി തീഹാർ ജയിലിലടച്ച ജലഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥിനികളായ ദേവാംഗന കലിത, നതാഷ നർവാൾ, ജയിലിൽ കഴിയുന്ന ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർഥി ഇക്ബാൽ തൻഹ എന്നിവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവും ജനാധിപത്യ ധ്വംസകരായ ഭരണകൂട പ്രതിനിധികൾക്ക് ഒരു തിരിച്ചടിയായിട്ടുണ്ട്.

”ഗവൺമെന്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹമല്ല” എന്ന് ഡെൽഹി ഹൈക്കോടതിയിലെ ജസ്‌റ്റിസ് സിദ്ധാർത്ഥ മൃദുൽ, അനൂപ് ജയറാം ഭംബാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. ന്യായാധിപരുടെ ദൃഷ്‌ടിയിൽ പോലും അതിശയോക്‌തി കലർത്തി പെരുപ്പിച്ച് വലിച്ചുനീട്ടിയ കുറ്റപത്രമാണ് ഡെൽഹി പൊലീസ് തയ്യാറാക്കിയത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ അവിടെ നടപ്പിലാക്കിയ ഫാസിസ്‌റ്റ് നടപടികൾക്കെതിരെ പ്രതികരിച്ച പ്രശസ്‌ത നടിയും സംവിധായികയും ആക്‌ടിവിസ്‌റ്റുമായ അയിഷ സുൽത്താനക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതിയും ഗവൺമെന്റ് നടപടികളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യദ്രോഹമല്ലായെന്ന് ചൂണ്ടിക്കാണിച്ചു.

the sedition law must be defined _ Adv K Prakash Babuസർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും എതിർക്കാൻ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആരെയും അനുവദിക്കുകയില്ല എന്നതാണ് കേന്ദ്രസർക്കാരിന്റെ നയമെന്ന് സമീപകാലത്തെ നിരവധി സംഭവങ്ങൾ തെളിയിക്കുന്നു. എതിർ ശബ്‌ദങ്ങളെ ഭയക്കുന്ന ഭീരുക്കളുടെ സർക്കാർ അടിച്ചമർത്തലിന്റെ മാർഗങ്ങൾ ആരായുകയാണ്. ദണ്ഡനീതിയെ അവലംബിക്കുന്ന സർക്കാരിന് ജനങ്ങളെയും ജനാധിപത്യത്തെയും ഇല്ലായ്‌മ ചെയ്‌തുകൊണ്ടു മാത്രമെ മുന്നോട്ടു പോകാൻ കഴിയൂ.

രാഷ്‌ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകർന്നു നിൽക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യ വ്യവസ്‌ഥകൂടി ഇല്ലാതായാൽ ആ രാജ്യം പൂർണമായും അന്ധകാരത്തിലാകും. അതു തടയുന്നതും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതുമാണ് ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന ജുഡീഷ്യറിയുടെ സമീപകാല ഉത്തരവുകൾ.

the sedition law must be defined _ Adv K Prakash Babuഅതുകൊണ്ടുതന്നെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിലും മറ്റു പല സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കുകളിലെ നിയമ പരിഷ്‌കാരങ്ങൾ കണക്കിലെടുത്തും ഐപിസി 124 എ പുനർനിർവചിക്കാൻ ഇന്ത്യാഗവൺമെന്റ് തയ്യാറാകണം. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുകയാണ്. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും പരമപ്രധാനമായി കാണുന്ന പുതിയ മാനവ സമൂഹം ഈ കൊളോണിയൽ നിയമത്തിന്റെ മാറ്റം ആഗ്രഹിക്കുന്നു.

*ജനയുഗത്തിൽ അഡ്വ. കെ പ്രകാശ്ബാബു എഴുതിയത്

National News: രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE