രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

സ്വാതന്ത്ര്യത്തിന് 77 വർഷം മുൻപ് അഥവാ 1870ൽ തോമസ് മക്കാളെ പ്രഭുവിന്റെ നിർദ്ദേശം അനുസരിച്ച് രൂപീകൃതമായ രാജ്യദ്രോഹവകുപ്പ് പ്രകാരം വേട്ടയാടപ്പെട്ട അനേകായിരങ്ങൾ രാജ്യത്തുണ്ട്. അഭിപ്രായ സ്വാതന്തൃവും ഉന്നതമായ മനുഷ്യാവകാശങ്ങളും നിലനിൽക്കുന്ന ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത ഈ നിയമത്തിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

By Central Desk, Malabar News
Sedition law _ Expeting Centre's review
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യദ്രോഹകുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍. ചില ക്രിമിനല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തിവരികയാണെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിക്കുമെന്നും അറ്റോര്‍ണി ജനറല്‍ എം വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യദ്രോഹകുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. അറ്റോര്‍ണി ജനറലിന്റെ ആവശ്യം പരിഗണിച്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 2023 ജനുവരിയിലേക്ക് മാറ്റി.

124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ സംസ്‌ഥാന സര്‍ക്കാരുകൾ രാജ്യദ്രോഹകുറ്റ പ്രകാരം കേസുകള്‍ രജിസ്‌റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124 എ വകുപ്പ്‌ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ മെയ്‌മാസത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞിരുന്നു. ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കുന്നത്‌ വരെ 124 എ വകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്നതിൽ നിന്നും സുപ്രീംകോടതി വിട്ടുനിൽക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.

124 എ വകുപ്പ് പ്രകാരം എഴുതുകയോ പറയുകയോ ചെയ്യുന്ന വാക്കുകൾ കൊണ്ടോ, ചിത്രങ്ങൾ കൊണ്ടോ മറ്റ്‌ ഏതെങ്കിലും നിലയിലോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നത് രാജ്യദ്രോഹമാവും. കേന്ദ്ര സർക്കാരിനോടുള്ള മമതക്കുറവും ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടും. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയുമാണ്. സ്വാതന്ത്ര്യത്തിന് മുൻപ് 1870 ലാണ് ഐപിസി ഭേദഗതി നിയമത്തിൽ ഈ വകുപ്പ് തോമസ് മക്കാളെ പ്രഭുവിന്റെ നിർദേശത്താൽ ഉൾപ്പെടുത്തുന്നത്. ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നവരെയും ഈ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യാം.

Most Read: സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE