ന്യൂഡെൽഹി: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോൽപന്ന കയറ്റുമതിയിൽ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ പിന്നിലാകുന്നത്. കോവിഡ് മഹാമാരി ചരക്കുനീക്കത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ്-ബ്രസീൽ ചേംബർ ഓഫ് കൊമേഴ്‌സ് വാർത്തയോട് പ്രതികരിച്ചു.
ബ്രസീലിന്റെ മുഖ്യ വ്യാപാര പങ്കാളികളാണ് അറബ് രാജ്യങ്ങൾ. എന്നാൽ ഇവയുമായി ബ്രസീലിനുള്ള ഭൂമിശാസ്‌ത്രപരമായ ദൂരം കോവിഡ് കാലത്തെ ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അറബ് ലീഗിലെ 22 രാജ്യങ്ങളിലേക്കുള്ള ആകെ കാർഷികോൽപന്ന കയറ്റുമതിയുടെ 8.15 ശതമാനവും ബ്രസീലിൽ നിന്നാണ്. എന്നാൽ 2020ൽ 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തുകയും ബ്രസീലിന്റെ 15 കൊല്ലം നീണ്ട കുത്തക അവസാനിക്കുകയും ചെയ്‌തു.
മുൻപ് ബ്രസീലിൽനിന്ന് ചരക്കുകൾ സൗദി അറേബ്യയിലെത്താൻ മുപ്പത് ദിവസമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ അത് അറുപതു ദിവസമായിട്ടുണ്ടെന്ന് അറബ്-ബ്രസീൽ ചേംബർ വ്യക്‌തമാക്കി. എന്നാൽ താരതമ്യേന അടുത്ത് സ്‌ഥിതി ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, ധാന്യങ്ങൾ, മാംസം തുടങ്ങിയവയുമായുള്ള കപ്പലുകൾക്കെത്താൻ ഒരാഴ്‌ച മതിയാകും. ഇതാണ് ഇന്ത്യയെ നേട്ടത്തിലേക്ക് നയിച്ചത്.
Read Also: ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നു; റിപ്പോർട്








































