ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ കൊലയാളികളെ കണ്ടെത്താനാകാതെ പോലീസ്. എസ്‌ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിലായെങ്കിലും രഞ്‌ജിത്തിന്റെ കൊലയാളികൾ ഇപ്പോഴും കാണാമറയത്താണ്. ജില്ലയിൽ നിന്നുള്ള എസ്‌ഡിപിഐ പ്രവർത്തകരാണ് രഞ്‌ജിത്തിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
അതേസമയം, സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്‌ഞ നാളെ രാവിലെ വരെ നീട്ടിയിരിക്കുകയാണ്. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച രാവിലെയുമായാണ് സംസ്‌ഥാനത്തെ ഞെട്ടിച്ച കൊലപാതകങ്ങൾ നടന്നത്. ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ് എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം കാറിലെത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച മരിച്ചു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസ് കൊല്ലപ്പെടുന്നത്.
പന്ത്രണ്ടംഗ കൊലയാളി സംഘമാണ് രഞ്‌ജിത്തിനെ കൊലപ്പെടുത്താൻ എത്തിയതെന്ന് സിസിടിവിയിൽ നിന്ന് വ്യക്‌തമായിരുന്നു. കൃത്യമായ ആസൂത്രണമായതിനാൽ ആരുംതന്നെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ല എന്നാണ് പോലീസിന്റെ നിഗമനം. കൊലയാളികളെ കുറിച്ചുള്ള വിവരങ്ങൾക്കായി കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: ഒമൈക്രോൺ ജാഗ്രത; എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി







































