പാലക്കാട്: 18-കാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടൂർ സ്വദേശികളായ ഷമീർ, ഷരീഫ്, ആരിഫ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
സാമ്പത്തികമായി ഉയർന്ന രീതിയിൽ ജീവിക്കുന്ന പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മർദ്ദിച്ചതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഈ മാസം 15ന് ആണ് മണ്ണാർക്കാട് ബസ് സ്‌റ്റാൻഡിൽ നിന്ന് നാലംഗ സംഘം അഫ്‌സലിനെ കാറിൽ തട്ടികൊണ്ടുപ്പോയത്. തുടർന്ന് അട്ടപ്പാടി വരെ യുവാവിനെ കാറിൽവെച്ച് ക്രൂരമായി മർദ്ദിച്ചു. ബോധം നഷ്‌ടപെട്ടതിന് പിന്നാലെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇരുമ്പുകട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരിക്കേൽപ്പിച്ചു. അഫ്‌സൽ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. മണ്ണാർക്കാട് സ്വകാര്യ കോളേജിലെ സിവിൽ എൻജിനിയറിങ് വിദ്യാർഥിയാണ് അഫ്‌സൽ. കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ അഫ്‌സലിന്റെ സുഹൃത്ത് മൊബൈലിൽ പകർത്തിയിരുന്നു. ഇതാണ് കേസിലെ പ്രതികളെ തിരിച്ചറിയാനുള്ള പ്രധാന തെളിവായത്.
Most Read: കണ്ണൂർ വിമാന താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി





































