മലപ്പുറം: സംസ്‌ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീമിനെയാണ് (27) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം പൊന്നാനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കമിതാക്കളെ ആക്രമിച്ച് പണവും സാധനങ്ങളും മോഷ്‌ടിക്കുകയാണ് ഇയാളുടെ പതിവ് രീതി. ഇതിന് പുറമെ യുവാക്കൾക്ക് ലഹരിവസ്‌തുക്കളും എത്തിച്ച് കൊടുക്കാറുണ്ട്. നാട്ടുകാർക്കും പോലീസുകാർക്കും ഒരേപോലെ തലവേദനയായി മാറിയ ഇയാളെ പൊന്നാനിയിലെ പ്രധാന ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ചിരുന്ന പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലകളുടെയും, തലസ്‌ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളുടെയും പശ്‌ചാത്തലത്തിൽ ഗുണ്ടാ ലിസ്‌റ്റിൽ ഉള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്‌ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഷമീമിനെ അറസ്‌റ്റ് ചെയ്‌തത്.
Most Read: കോഴിക്കോട്-വയനാട് തുരങ്കപാത; സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി







































