നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കാര്യങ്കോട് പുഴയിൽ തേജസ്വിനി പുഴയ്ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. കൃഷിക്ക് ആവശ്യമായ ജലസ്രോതസായും റോഡ് ഗതാഗതത്തിനും ഈ പദ്ധതി ഉപയോഗപ്പെടുത്താൻ സാധിക്കും.
കാര്യങ്കോട് പുഴയിൽ വേനൽകാലത്ത് പാലായി മുതൽ 18 കിലോമീറ്റർ മുകൾഭാഗം വരെ ഉപ്പു കലർന്ന ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവും നിലനിന്നിരുന്നു. ഈ പദ്ധതി യാഥാർഥ്യമായതോടെ ഉപ്പുവെള്ളം തടയപ്പെടുകയും സമീപ പ്രദേശങ്ങളായ നീലേശ്വരം മുനിസിപ്പാലിറ്റി, കിനാനൂർ-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും, 4866 ഹെക്ടർ കൃഷിഭൂമിയിലും മറ്റ് കുടിവെള്ള സ്രോതസുകളിലും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും.
നബാർഡിന്റെ സഹായത്തോടെ 65 കോടി രൂപാ ചിലവിലാണ് നിർമിച്ചത്. 227 മീറ്റർ നീളവും 85 മീറ്റർ വീതിയുമുണ്ട്. ഉൽഘാടന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം രാജഗോപാൽ, ഇ ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പോലീസ് പിബി രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, മുൻ എംഎൽഎ കെ കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
Most Read: ബേപ്പൂർ വാട്ടർ ഫെസ്റ്റിന് നാളെ തുടക്കം; ഇനി പായ്വഞ്ചികളുടെ പടയോട്ടം






































