പത്തനംതിട്ട: റാന്നി കുറുമ്പൻമൂഴിയിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ജോൺ (55) ആണ് മരിച്ചത്. മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
തടയാനെത്തിയ വടക്കേമുറിയിൽ സാജു ജോസഫിന് (52) ഗുരുതരമായി പരിക്കേറ്റു. ഇയാളെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 8ന് ശേഷം ഇടത്തിക്കാവിലായിരുന്നു സംഭവം. ഇവിടെയുള്ള സ്‌റ്റേഷനറി കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഇരുവരും. സാധനം വാങ്ങി മടങ്ങിയതിന് തൊട്ടുപിന്നാലെ രക്‌തം വാർന്ന നിലയിൽ സാജു ജോസഫ് കടയിലേക്ക് തിരികെ ഓടിക്കയറുകയായിരുന്നു. ജോളി ജോൺ അവിടെ കിടക്കുന്നുണ്ടെന്നും ഇയാൾ കടയുടമയോട് പറഞ്ഞു. ഇരുവരെയും മുക്കൂട്ടുതറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ജോളി ജോൺ മരിച്ചിരുന്നു.
സംഭവത്തിൽ കുറുമ്പൻമൂഴി സ്വദേശി സാബുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ള കൃത്യമായ കാരണം എന്തെന്ന് ഇതുവരെ വ്യക്‌തയിട്ടില്ല. കൊലപാതകത്തിന് പിന്നാലെ സംഭവസ്‌ഥലത്ത് നിന്ന് മുങ്ങിയ സാബുവിനെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
Most Read: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു








































