മലപ്പുറം: ജില്ലയിലെ പെരുവള്ളൂരിൽ വൻ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ 12 ലിറ്റർ ചാരായവും 370 ലിറ്റർ ചാരായം നിർമിക്കാനായി പാകപ്പെടുത്തിയ കോടയും വൻതോതിലുള്ള ശർക്കരയും പിടികൂടിയത്. ക്രിസ്‌മസ്-പുതുവൽസര ആഘോഷങ്ങൾക്കായി വൻതോതിൽ ചാരായ നിർമാണം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.
പെരുവള്ളൂർ കൊല്ലംചിന സ്വദേശി ചെറുകോളിൽ ബാബു (44) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ചാരായവും കോടയും കണ്ടെത്തിയത്. ഇതിന് പുറമെ ഗ്യാസ് സിലിണ്ടറുകൾ, ബാരലുകൾ, ചാരായം കയറ്റി അയക്കാനുള്ള കന്നാസുകൾ തുടങ്ങി നിരവധി സാമഗ്രികൾ കണ്ടെടുത്തു. വീട്ടുടമയായ ബാബുവിനെ പ്രതിയാക്കി പരപ്പനങ്ങാടി റേഞ്ച് ഇൻസ്‌പെക്‌ടർ സാബു ആർ ചന്ദ്ര കേസ് രജിസ്‌റ്റർ ചെയ്‌തു. ഇയാൾ വീട്ടിൽ ഇല്ലാത്തതിനാൽ അറസ്‌റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഇയാളെ ഉടൻ പിടികൂടാനാകുമെന്നും ഈ മേഖലയിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇൻസ്‌പെക്‌ടർ അറിയിച്ചു. പരപ്പനങ്ങാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ ഷിജിത്, കെ ശിഹാബുദ്ദീൻ, എംഎം ദിദിൻ, ശംസുദ്ധീൻ, വനിതാ എക്‌സൈസ് ഓഫിസർ പി സിന്ധു തുടങ്ങിയവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ കൂടി പിടിയിൽ







































