പനാജി: ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ്-ഒഡിഷ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ബമ്പോളിം ജിഎംസി അത്‍ലറ്റിക് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. നൈസാമുകളും കലിംഗ വാറിയേഴ്‌സും പോരാട്ടവീര്യത്തിൽ ആർക്കും പിന്നിലല്ല. കളിച്ച 7 മൽസരങ്ങളിൽ നിന്നും മൂന്ന് ജയങ്ങൾ വീതം ഇരു ടീമുകൾക്കും ഉണ്ട്.
ബർത്തലോമിയോ ഒഗ്ബെച്ചയുടെ ഗോളടി മികവിന്റെ കരുത്തിൽ ഹൈദരാബാദ് എത്തുമ്പോൾ ഒഡിഷ എഫ്‌സിയുടെ തുറുപ്പ് ചീട്ട് സ്‌പാനിഷ് താരം ജാവി ഹെർണാണ്ടസാണ്. മലപ്പുറംകാരൻ അബ്‌ദുൾ റബീഹാണ് ഹൈദരാബാദ് നിരയിലെ മലയാളി സാന്നിധ്യം.
ഏറ്റവും ഒടുവിലായി കളിച്ച 5 മൽസരങ്ങളിൽ മൂന്നെണ്ണത്തിൽ തോറ്റ ഒഡിഷ എഫ്‌സിക്ക് നേടാനായത് ഒരു വിജയവും ഒരു സമനിലയും മാത്രമാണ്. അതേസമയം, അവസാന 5 മൽസരങ്ങളിൽ അജയ്യരാണ് ഹൈദരാബാദ് എഫ്‌സി. രണ്ട് വിജയങ്ങളും 3 സമനിലയുമാണ് ഒഗ്ബെച്ചെയുടെ ടീമിനുള്ളത്. ജയത്തോടെ ഈ വർഷം അവസാനിപ്പിക്കുകയാവും ഇരുടീമുകളുടെയും ലക്ഷ്യം.
Read Also: അഴിമതി ആരോപണം; സൊമാലിയൻ പ്രധാനമന്ത്രിയെ പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തു