ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്‌റ്റിലായ അനൂപ്,അഷ്‌റഫ്,ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പോലീസ് കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
കൂട്ടുപ്രതികൾക്കായി തമിഴ്‌നാടിന് പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പൊലീസ്. കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും സംസ്‌ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്‌ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരാണ്
രഞ്‌ജിത്തിനെ വെട്ടിയത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അറസ്‌റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ കണ്ടുപിടിക്കാനാകുമെന്ന ആത്‌മവിശ്വാസത്തിലാണ് പോലീസ്.
Also Read: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി







































