വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിയാണ് സംഭവത്തിൽ അറസ്‌റ്റിലായത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് വീടിനോട് ചേർന്ന് ഷെഡിൽ തലയ്‌ക്ക് മുറിവേറ്റ നിലയിലാണ് ദാമോദരനെ കണ്ടെത്തിയത്.
സംഭവ ദിവസം വൈകിട്ട് ലക്ഷ്‌മിക്കുട്ടി തനിക്ക് മർദ്ദനമേറ്റുവെന്ന് മീനങ്ങാടി പോലീസിൽ വിളിച്ചറിയച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്. സംഭവ ദിവസം ഉച്ചയോടെ മാനിക്കാവിലെ വീട്ടിലെത്തിയ ദാമോദരനും ഭാര്യയും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ഇത് ഭർത്താവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വീട്ടിൽ നിന്ന് തർക്കമുണ്ടാക്കിയ ശേഷം അയൽവീട്ടിലെ മരപണിശാലയിൽ എത്തിയ ദാമോദരനെ ലക്ഷ്‌മിക്കുട്ടി പിന്തുടർന്നെത്തി.
ഇവിടെ നിന്ന് ഇരുവരും തമ്മിൽ കയ്യേറ്റമുണ്ടാവുകയും പട്ടിക കൊണ്ട് അടിയേറ്റ് ദാമോദരൻ ചോര വാർന്ന് മരണപ്പെടുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ലക്ഷ്‌മിക്കുട്ടിയെ മീനങ്ങാടി പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരാഴ്‌ചയായി പോലീസ് നിരീക്ഷണത്തിലായിരുന്നു ചികിൽസ. ഇന്നലെ ചികിൽസ പൂർത്തിയായതോടെയാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: പോപ്പുലർ ഫിനാൻസിന്റെ 33.84 കോടിയുടെ സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടി








































