എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുടെ റീടെൻഡർ നടപടി തുടങ്ങിയില്ല. ജലസേചന വകുപ്പിനെതിരെ തുടർച്ചയായി ഹൈക്കോടതിയെ സമീപിച്ച കരാർ കമ്പനിയെ കോടതി തള്ളി രണ്ടുമാസം കഴിഞ്ഞിട്ടും റീടെൻഡർ നടപടികൾ വൈകുകയാണ്. ഇത് സംബന്ധിച്ചെടുത്ത തുടർനടപടികൾ അറിയിക്കാൻ ജലസേചന വകുപ്പ് ഉത്തരമേഖലാ സുപ്രണ്ടിങ് എഞ്ചിനിയറോട് സ്‌ഥലം എംഎൽഎ കൂടിയായ മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശിച്ചു.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സർക്കാർ അതിഥി മന്ദിരത്തിൽ ചേരുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നേരിട്ടെത്തി ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. പഴയ ടെൻഡർ ഒഴിവാക്കിയ ശേഷം പുതിയ ടെൻഡറോ അല്ലെങ്കിൽ റീടെൻഡറോ ആണ് ഇനി ജലസേചന വകുപ്പിന് മുമ്പിലുള്ള പോംവഴി. നേരത്തേ ടെൻഡർ വിളിച്ച കമ്പനിയെ ഒഴിവാക്കിക്കൊണ്ടുള്ള നോട്ടീസ് രേഖാമൂലം ആദ്യം നൽകണം.
ഇതിനുള്ള നടപടികളാണ് ഇനിയും തുടങ്ങാത്തത്. ടെൻഡർ വിളിച്ച ശേഷം കരാർ ഉറപ്പിക്കാതെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മൂന്നുതവണ കമ്പനി കോടതിയെ സമീപിച്ചത്. 2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ ടെൻഡർ പൂർത്തിയാവുകയും ചെയ്‌ത പദ്ധതിയാണ് രണ്ടുവർഷം മുൻപ് കോടതി കയറിയത്. കോരപ്പുഴ റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ മണലും ചളിയും നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനായിരുന്നു 3.75 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.
Read Also: കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ







































