പാലക്കാട്: ജനവാസ മേഖലയിലെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കി ഒറ്റപ്പാലം ഫോറസ്‌റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 പന്നികളെയാണ് കൊന്നൊടുക്കിയത്. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ് ഒരു റേഞ്ചിൽ ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത്.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകൾ ഉൾപ്പെട്ടതാണ് റേഞ്ചിന്റെ പ്രവർത്തന പരിധി. തിരുവാഴിയോട്, കുളപ്പുള്ളി, പട്ടാമ്പി സെക്ഷൻ ഓഫിസുകളുടെ പരിധിയിലെ 32 പഞ്ചായത്തുകളും നാല് നഗരസഭകളും ഉൾപ്പെട്ട വിശാലമായ പ്രദേശമാണിത്. വനംവകുപ്പ് നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. ദൗത്യം തുടങ്ങിയ സെപ്റ്റംബറിൽ 80 പന്നികളെ കൊന്നു. ബാക്കിയുള്ളവയെ തുടർന്നുള്ള ദിവസങ്ങളിലും കൊന്നു.
വനമേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിനപ്പുറം ശല്യക്കാരായി മാറുന്ന പന്നികളെയാണ് വെടിവെച്ചു കൊല്ലാൻ അനുമതിയുള്ളത്. ഒറ്റപ്പാലത്ത് തോക്ക് ലൈസൻസുള്ള 19 അംഗ ദൗത്യസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും ആറ് പേരാണ് സജീവമായി രംഗത്തുള്ളത്. പന്നികളെ കൊല്ലാൻ തദ്ദേശഭരണ സ്‌ഥാപനങ്ങൾ മുഖേന ഡിഎഫ്ഒമാർക്കാണ് അപേക്ഷ നൽകേണ്ടത്. ഇവ ഫോറസ്‌റ്റ് റേഞ്ച്, സെക്ഷൻ ഓഫിസർമാർ പരിശോധിച്ച് തീരുമാനമെടുക്കും.
Most Read: വടകര ഗസ്‌റ്റ് ഹൗസിൽ മദ്യക്കുപ്പികൾ; പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു





































