വയനാട്: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ വനാതിർത്തികളിൽ തൂക്കുവേലി സ്‌ഥാപിക്കും. കർണാടക മാതൃകയിലുള്ള തൂക്കുവേലി ആദ്യഘട്ടത്തിൽ വന്യമൃഗ ശല്യം രൂക്ഷമായ കർണാടക വനാതിർത്തിയിലാണ് സ്‌ഥാപിക്കുകയെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന് ഇതിനായി 70 ലക്ഷം രൂപ അനുവദിച്ചതായും എംഎൽഎ അറിയിച്ചു. കൊളവള്ളി മുതൽ പെരിക്കല്ലൂർ ഭാഗത്തേക്കും, കൊളവള്ളി മുതൽ മാടപ്പള്ളിക്കുന്ന് ഭാഗത്തേക്കുമാണ് തൂക്കുവേലികൾ നിർമിക്കുന്നത്.
ചീയമ്പം വരെയുള്ള ഭാഗത്തും പെരിക്കല്ലൂർ മുതൽ പാതിരി പാളക്കൊല്ലി വരെയും വേലി നിർമിക്കാനും തീരുമാനമായിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗത്തെ എസ്‌റ്റിമേറ്റ് തയ്യാറാക്കാൻ വനംവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. വനാതിർത്തിയിലുള്ള ജനങ്ങളുടെ പൂർണ സഹകരണം തൂക്കുവേലി നിർമാണത്തിനും സംരക്ഷണത്തിനും ഉണ്ടാകണമെന്ന് മറക്കടവിൽ ചേർന്ന കർഷകരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം അഭ്യർഥിച്ചു.
വേലി നിർമിക്കാനും കേടുപാടുകൾ വരുത്താതെ സംരക്ഷിക്കാനും പഞ്ചായത്ത് അംഗങ്ങളുടെയും വനം ഉദ്യോഗസ്‌ഥർ അടങ്ങിയ കമ്മിറ്റികളുടെയും മേൽനോട്ടം ഉണ്ടാവും. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭ്യമാക്കും. കൂടാതെ, മഴക്കാലത്ത് തൂക്കുവേലിയിലെ വൈദ്യുതി പ്രവാഹം ഉറപ്പാക്കാൻ കെഎസ്ഇബിയുടെ സഹകരണം തേടാനും യോഗം തീരുമാനിച്ചു. സംസ്‌ഥാനത്ത് ആദ്യമായി നിർമിക്കുന്ന കർണാടക മാതൃക തൂക്കുവേലി വിജയകരമായാൽ ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ഇത് സ്‌ഥാപിക്കും .
Most Read: സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ; ആരോഗ്യമന്ത്രി








































