തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നല്കി.
ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നവജാത ശിശുവിന്റെ അമ്മയെ മന്ത്രി വിളിച്ച് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. കളമശേരി സ്വദേശിനി നീതുവാണ് പിടിയിലായത്.
ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലാണ് നീതു എത്തിയത്. കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും എൻഐസിയുവിൽ കാണിക്കണമെന്നും ഇവർ അമ്മയെ ബോധ്യപ്പെടുത്തി. തുടർന്ന് കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനാണെന്ന് പ്രതി നീതു പോലീസിനോട് പറഞ്ഞു.
സാമ്പത്തിക ബാധ്യത തീർക്കാനായിരുന്നു ശ്രമമെന്നും ഇവർ മൊഴി നൽകി. ഇതിന് മുൻപും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ, കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വെളിപ്പെടുമെന്ന് പോലീസ് അറിയിച്ചു.
Also Read: കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്ഥാന മേധാവി







































