തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയര്‍ പരിശോധിച്ചത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. പരിശോധന റിപ്പോര്‍ട്ടുകള്‍ ഇനിയും വരാനുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ തീപിടുത്തം ഉണ്ടായതെന്ന് കണ്ടുപിടിക്കാന്‍ 45 ഇനങ്ങളാണ് പരിശോധനക്ക് അയച്ചത്. ഇവയിൽ 43 ഇനങ്ങളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. തിരുവനന്തപുരം ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തീപിടുത്തമുണ്ടായപ്പോള്‍ കത്തിയ ഫാന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വരാനുണ്ട്. തീപിടുത്തം ഉണ്ടായതിന്റെ വ്യക്‌തമായ കാരണം ലഭിക്കണമെങ്കില്‍ എല്ലാ പരിശോധന ഫലങ്ങളും പുറത്തു വരണം. അവയുടെ പരിശോധന ഫലം കൂടി വന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയൂ എന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഓഗസ്‌റ്റ് 25 നാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ആസൂത്രിതമായി നടത്തിയതാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ ഫയലുകള്‍ അട്ടിമറിക്കാന്‍ ഉള്ള നീക്കം ആണെന്നുമാണ് ആരോപണം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Read also : ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്







































