ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,68,063 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 277 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,84,213 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 69,959 ആണ്. രോഗബാധിതരുടെ എണ്ണം രോഗമുക്‌തരേക്കാൾ കൂടുതൽ ആയതിനാൽ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. 8,21,446 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
96.36 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടാതെ പ്രതിവാര കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 8.85 ശതമാനമായും ഉയർന്നു. അതേസമയം രാജ്യത്ത് നിലവിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 4,461 ആയും വർധിച്ചു.
Read also: കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു







































