ഇടുക്കി: ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഹൃദയത്തിന്റെ അറകള്‍ കുത്തേറ്റ് തകര്‍ന്നു. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം, ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയ്ക്കെതിരെ കേസ്.
കൃത്യത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ധീരജിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറ് മണിയോടെയാകും സംസ്കാരം നടക്കുക.
Most Read: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം