ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. മുഖ്യമന്ത്രി ചന്നിയുടെ ബന്ധുവായ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ സ്‌ഥാപനങ്ങൾ ഉൾപ്പടെ സംസ്‌ഥാനത്തെ പത്തോളം സ്‌ഥലങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. മുഖ്യമന്ത്രി ചന്നിയുടെ ഭാര്യാസഹോദരിയുടെ മകൻ താമസിക്കുന്ന ഹോംലാൻഡ് സൊസൈറ്റിയിലും ഇഡി റെയ്‌ഡ് നടന്നു.
ഫെബ്രുവരി 20ന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്‌തമായി നടക്കുന്നതിനിടെ ആണ് ഇഡി റെയ്‌ഡ് നടത്തിയത്. അനധികൃത മണൽ ഖനനം പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്.
അനധികൃത മണൽ ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ സംസ്‌ഥാന സർക്കാർ സഹായിക്കുന്നുവെന്ന് പഞ്ചാബിലെ പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. 2021 ഡിസംബറിൽ, മുഖ്യമന്ത്രി ചന്നിയുടെ സ്വന്തം മണ്ഡലമായ ചാംകൗർ സാഹിബിൽ അനധികൃത മണൽ ഖനനം നടക്കുന്നതായി ആം ആദ്‌മി പാർട്ടിയും (എഎപി) ആരോപിച്ചിരുന്നു.
Most Read: റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം






































