വയനാട്: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പിയു ജോസും സംഘവും പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
മാസങ്ങളായി ഒളിവിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി സീസിംഗ് ജോസഫിനെ ആന്ധ്രയിലെ കക്കിനടയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ജൂലൈയിൽ സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. പിയു ജോസഫ് പിടിച്ചുപറിയും കൊലപാതകവും അടക്കം 19 കേസുകളിൽ പ്രതിയാണ്. വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് ഇയാളെന്നും പോലീസ് പറയുന്നു.
അതേസമയം ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക് മോഹൻ, മലപ്പുറം സ്വദേശി സദക്കത്തുള്ള എന്ന ഷൗക്കത്ത് എന്നിവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സുൽത്താൻ ബത്തേരി പോലീസും ജില്ലാ നാർക്കോട്ടിക് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പ്രതികൾ ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള വാഹനവും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Malabar News: വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം








































