കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. തിരുത്തിയിലും മറുഭാഗമായ കോട്ടക്കുന്നിലും പ്രവൃത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.
പാറ കണ്ടെത്തുന്നതിനായി കരയിലാണ് ഇപ്പോൾ പൈലിങ് നടക്കുന്നത്. ഈ പൈലിങ് പ്രവൃത്തിയെ മാനദണ്ഡമാക്കിയാണ് പുഴയിൽ പാലം നിർമിക്കാനാവശ്യമായ തൂണിന്റെ പൈലിങ് നടക്കുക. പുഴയിൽ പൈലിങ് നടത്തണമെങ്കിൽ ബാർജ് നിർമിക്കണം. ബാർജിന് 26 മീറ്റർ നീളവും അത്രതന്നെ വീതിയും ഉണ്ടായിരിക്കും. അത് കരയിൽ നിന്ന് ഘടിപ്പിച്ച് യന്ത്രസഹായത്തോടെയാണ് പുഴയിൽ ഇറക്കുക.
ഒരു കിലോമീറ്റർ നീളത്തിൽ ആറുവരിയായാണ് തിരുത്തിയിൽ പാലം നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരിക്കും തിരുത്തി പാലം. പാലം വഴി റോഡ് മുഴപ്പിലങ്ങാട് വരെ എത്തിച്ചേരുന്നതാണ് പുതിയ ദേശീയ പാത. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വ സമുദ്ര ഗ്രൂപ്പിനാണ് കണ്ണൂർ ബൈപ്പാസിന്റെ നിർമാണ ചുമതല.
Most Read: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല; സമര പ്രഖ്യാപനം