വയനാട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡ് ആശുപത്രികളിലും മറ്റു പരിചരണ കേന്ദ്രങ്ങളിലും കിടക്കകൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ കിടക്കകൾ എന്നിവയെല്ലാം സജ്‌ജീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
നിലവിൽ ആശുപത്രികളിൽ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെച്ച കിടക്കകളിൽ 22 ശതമാനത്തിൽ മാത്രമാണ് രോഗികൾ ഉള്ളത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് വിവിധ ആശുപത്രികളിലായി സജ്‌ജമാക്കിയ ആകെ 896 കിടക്കകളിൽ 197 എണ്ണത്തിൽ രോഗികൾ ഉണ്ട്. സിഎസ്എൽടിസികളിൽ ഒരുക്കിയ കിടക്കകളിൽ 36.99 ശതമാനം മാത്രമാണ് ഉപയോഗത്തിൽ ഉള്ളതെന്നും ഡിഎംഒ പറഞ്ഞു. സിഎൽടിസികളിൽ 1069, സർക്കാർ ആശുപത്രികളിൽ 277, സ്വകാര്യ ആശുപത്രികളിൽ 619 കിടക്കകളാണ് ജില്ലയിൽ ആകെ മാറ്റിവെച്ചത്.
അതേസമയം, കൈനാട്ടി ജനറൽ ആശുപത്രിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ 18 ജീവനക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ ഡോക്‌ടർമാരും ഉൾപ്പെടും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ആശുപത്രിയിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു.
Most Read: തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്‌ചകൾ







































