വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂർ സ്‌റ്റേഡിയത്തിൽ പുത്തൂർ ഗവ. എച്ച്‌എസ്‌എസിന് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൺവൻഷൻ വിളിച്ച് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. യോഗത്തിൽ ഭാവി സമര പരിപാടികൾക്ക് രൂപം നൽകും. സ്‌റ്റേഡിയങ്ങളിൽ മറ്റ് നിർമാണം പാടില്ലെന്ന സർക്കാരിന്റെ ഉത്തരവ് നിലനിൽക്കെയാണ് കെട്ടിടം നിർമിക്കാനുള്ള നീക്കം.
3 കോടി രൂപ ചെലവിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ബഹുനില കെട്ടിടം പണിയാനാണ് പദ്ധതി.ഇതിന് എതിരെ വിവിധ കലാ കായിക സാംസ്‌കാരിക സംഘടനകളും കായിക താരങ്ങളും രംഗത്ത് എത്തി. സ്‌കൂളിനും തൊട്ടടുത്ത് പ്രവർത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിനും സ്വന്തമായി സ്‌ഥലം ഉണ്ടെന്നിരിക്കെ നഗരസഭ വൻ തുക ചെലവഴിച്ച് നിർമിച്ച സ്‌റ്റേഡിയം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് കായികതാരങ്ങൾ ആരോപിച്ചു.
വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ 3 കെട്ടിടങ്ങൾ കാടു മൂടി കിടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ സ്‌ഥലത്ത് കെട്ടിടം നിർമിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം.
Also Read: പിവി അൻവറിനെതിരായ പരാതി; രേഖകൾ ഹാജരാക്കാനുള്ള സമയം നീട്ടി


































