കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ വാവ സുരേഷ് അർധ ബോധാവസ്ഥയിലാണുള്ളത്. കൂടാതെ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ അദ്ദേഹം പൂർണ ബോധാവസ്ഥയിലേക്ക് എത്താൻ ഇനിയും 18 മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന സുരേഷിന്റെ തലച്ചോർ പ്രവർത്തനക്ഷമമായതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് വാവ സുരേഷിന് കോട്ടയത്തെ കുറിച്ചിയിൽ വച്ച് പാമ്പ് കടിയേൽക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 2013ലും, 2020ലും സുരേഷിനെ സമാന രീതിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
Read also: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ; 91.5 രൂപ കുറച്ച് എണ്ണക്കമ്പനികൾ







































