കുന്നുംകൈ : ഇരുട്ടിന്റെ മറവിൽ കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു. നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മൽസ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വഴിയാത്രക്കാർക്കും പരിസരവാസികൾക്കും പുഴയുടെ അടുത്തുകൂടി പോലും പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
പ്ളാസ്റ്റിക് കവറിലാക്കി മാലിന്യം പുഴയോരത്ത് തള്ളുന്നത് പതിവായിരിക്കുകയാണ്. പാലായി ഷട്ടർ കം ബ്രിഡ്ജ് അടച്ചതിനാൽ ഒഴുക്കില്ലാതെ വെള്ളംകെട്ടി നിൽക്കുന്നതിനാൽ മാലിന്യത്തിൽനിന്ന് ദുർഗന്ധം വമിക്കുകയാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നുംകൈ യൂണിറ്റ് പ്രസിഡണ്ട് എ ദുൽകിഫിലി, പികെ ബഷീർ, ഹെഡ് ക്ളർക്ക് കെവി സഹജൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Also Read: ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക്; സുരക്ഷാസൈന്യം യുവാവിന് അരികിലെത്തി








































