മലപ്പുറം: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാരെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐഎംഎ സമരം ശക്തമാക്കുന്നു. പെരിന്തൽമണ്ണ ബ്രാഞ്ചിൽ ഇന്ന് പണിമുടക്കുന്ന ഡോക്ടർമാർ നാളെ മലപ്പുറം ജില്ലയിലും ബുധനാഴ്ച മുതൽ സംസ്ഥാന തലത്തിലേക്കും പണിമുടക്ക് വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഐഎംഎ മുൻ സംസ്ഥാന പ്രസിഡണ്ട് എവി ജയകൃഷ്ണൻ ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും കഴിഞ്ഞ വെള്ളിയാഴ്ചയാണ് മർദ്ദനമേറ്റത്. റോഡപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ പെരിന്തൽമണ്ണ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവരുടെ ബന്ധുക്കൾ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്തത്. ആശുപത്രിക്കും നാശനഷ്ടങ്ങൾ ഉണ്ടായി.
പ്രതിഷേധക്കാരുമായി പിന്നീട് മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ ആശുപത്രിയുടെ നഷ്ടം അടക്കമുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്തി. എന്നാൽ, അക്രമിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്ന നിലപാട് ഡോക്ടർമാർ ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് ഐഎംഎയുടെ തീരുമാനം.
Most Read: മുട്ടിൽ മരംമുറി: പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി എഡിജിപി







































