മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി നടത്തിപ്പുകാരായ നാല് പേർ പിടിയിൽ. രാങ്ങാട്ടൂർ സ്വദേശികളായ കരുവംകാട്ടിൽ ഫൈസൽ ബാബു, പാലേത്ത് ഇബ്‌റാഹീം, മേലേതിൽ സുബൈർ, പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത് തൊടിയിൽ മുഹമ്മദ് എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.
എടച്ചലം കുന്നുംപുറത്താണ് നാട്ടുകാരുടെ സഹായത്തോടെ നിരോധിത പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്‌ടറി കണ്ടെത്തിയത്. ഇവിടെ നിർമിക്കുന്ന ലഹരി വസ്‌തുക്കൾ അയൽ ജില്ലകളിലേക്ക് ഉൾപ്പടെ എത്തിച്ച് നൽകുന്നതായി പോലീസ് പറഞ്ഞു. ഹാൻസ് നിർമിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ ലോഡ് കണക്കിന് ഇറക്കുമതി ചെയ്‌ത് യന്ത്രം ഉപയോഗിച്ച് പൊടിച്ചു പാക്ക് ചെയ്യാനുള്ള സംവിധാനമാണ് കേന്ദ്രത്തിൽ ഒരുക്കിയിരുന്നത്. ഫാക്‌ടറിക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ആളുകളുടെ ശ്രദ്ധയിൽ പെടാത്ത വിജനമായ പ്രദേശത്തുള്ള വീട്ടിൽ അസമയത്ത് വാഹനങ്ങൾ വരുന്നത് കണ്ട് നാട്ടുകാർ വീട് വളയുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. 100 കിലോ പുകയിലയും 35 ചാക്ക് ഹാൻസ് നിർമിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഒരു പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പോലീസ് പിടികൂടിയിരുന്നു.
Most Read: അങ്കണവാടി കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം; അപലപനീയമെന്ന് മന്ത്രി








































