ചെറുപുഴ: നിയമം ലംഘിച്ചു നിർമാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറികളെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ചൂരപ്പടവ് ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികളുമായി പോയ ലോറികളെയാണു ഇന്നലെ രാവിലെ 8.30ന് പെരുന്തടം ഭാഗത്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തടഞ്ഞത്. സ്‌കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ സർവീസ് നടത്തരുതെന്നു നിയമം നിലവിലുണ്ട്. എന്നാൽ നിയമം ലംഘിച്ചു ക്വാറിയിൽ നിന്ന് ഒട്ടേറെ ടിപ്പർ ലോറികളാണ് റോഡിലൂടെ പായുന്നത്. ഇത് വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്.
ഇക്കാര്യം കമ്മിറ്റി ഭാരവാഹികൾ ക്വാറിയുടമകളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വാഹനം തടഞ്ഞത്. അമിതഭാരം കയറ്റിയാണു ലോറികൾ പ്രാപ്പൊയിൽ -പെരുന്തടം- ചൂരപ്പടവ് റോഡിലൂടെ ഓടുന്നത്. ഇതുമൂലം റോഡ് പൂർണമായും തകർന്നു കഴിഞ്ഞു. നിർമാണ സാമഗ്രികളുമായി പോകുന്ന ലോറികളുടെ മേൽഭാഗം ടാർപോളിൻ കൊണ്ട് മൂടാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം അംഗീകരിക്കാൻ പോലും ക്വാറിയുടമകൾ തയാറാകുന്നില്ലെന്നു ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറയുന്നു. തുടർന്നാണ് ലോറികൾ തടഞ്ഞിട്ടത്.
Most Read: മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ







































