കാസർഗോഡ്: റോഡിന് സൗജന്യമായി ഭൂമി വിട്ടുനൽകി മാതൃകയായി കോട്ടപ്പുറത്തെ വൈകുണ്‌ഠ ക്ഷേത്ര കമ്മിറ്റി. കോട്ടപ്പുറം പുരവഞ്ചി ടെർമിനലിലേക്കുള്ള റോഡിനായി എട്ടു മീറ്റർ വീതിയിൽ 200 മീറ്ററോളം സ്‌ഥലമാണ് സൗജന്യമായി വിട്ടുനൽകിയത്.
നിലവിൽ ടെർമിനലിലേക്കും മാട്ടുമ്മലിലേക്കും കടന്നുപോകുന്ന റോഡിൽ അഞ്ച് മീറ്റർ മാത്രമാണ് വീതിയുള്ളത്. ഇതുകാരണം കടിഞ്ഞിമൂല-മാട്ടുമ്മൽ-കോട്ടപ്പുറം റോഡ് പാലം ഉൾപ്പടെയുള്ള പദ്ധതികൾ യാഥാർഥ്യമായാൽ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കും.
ഇതൊഴിവാക്കാനാണ് അധികൃതർ ക്ഷേത്രത്തെ സമീപിച്ചത്. ക്ഷേത്രം ഭാരവാഹികൾ യോഗം ചേർന്ന് സ്‌ഥലത്തെ മതിൽ പൊളിച്ചുമാറ്റി സ്‌ഥലം വിട്ടുകൊടുക്കാൻ തയ്യാറാവുകയായിരുന്നു. നാടിന്റെ വികസനമാണ് ലക്ഷ്യമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ഒൻപത് കോടി രൂപ ചിലവിൽ പണിയുന്ന പുരവഞ്ചി ടെർമിനലിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഒരു കോടി രൂപ ചിലവിൽ ടെർമിനലിലേക്കുള്ള പുതിയ റോഡ് പണി നടക്കുന്നുണ്ട്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 16.92 കോടി രൂപ ചിലവിലാണ് കടിഞ്ഞിമൂല-മാട്ടുമ്മൽ-കോട്ടപ്പുറം റോഡുപാലത്തിന്റെ നിർമാണം ആരംഭിക്കുന്നത്.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ






































