കീവ്: റഷ്യ-യുക്രൈൻ യുദ്ധം നാലാം ദിവസവും കൂടുതൽ ശക്‌തമാകുമ്പോൾ യുക്രൈനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക്. നിലവിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റൊമാനിയയിലെ ബുക്കാറസ്‌റ്റില്‍ നിന്നും 198 യാത്രക്കാരെയും കൊണ്ടാണ് നാലാം വിമാനം എത്തുന്നത്.
അതേസമയം ഇന്ന് രാവിലെയോടെയാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ മൂന്നാം വിമാനം ഇന്ത്യയിൽ എത്തിയത്. ഇന്ന് രാവിലെ 9.30ഓടെയാണ് ഹംഗറിയിൽ നിന്നും ഡെൽഹിയിൽ മൂന്നാം വിമാനം എത്തിയത്. ഇതിൽ 83 മലയാളികൾ ഉൾപ്പടെ 240 പേരാണുണ്ടായിരുന്നത്. നിലവിൽ മൂന്ന് വിമാനങ്ങളിലായി 709 ഇന്ത്യക്കാരാണ് ഇതുവരെ നാട്ടിലെത്തിയത്. ഇവരിൽ 219 പേർ മുംബൈ വിമാനത്താവളത്തിലും, 250 പേർ ഡെൽഹി വിമാനത്താവളത്തിലുമാണ് എത്തിയത്.
കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. കൂടാതെ യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനമന്ത്രി വിലയിരുത്തുകയും ചെയ്യും. യുക്രൈനിൽ നിലവിൽ റഷ്യൻ സൈന്യം കൂടുതൽ ശക്‌തിയോടെ ആക്രമണം തുടരുകയാണ്. തലസ്‌ഥാന നഗരമായ കീവ് പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ റഷ്യ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനവാസ മേഖലകളിൽ ഉൾപ്പടെ സ്‍ഫോടനങ്ങൾ നടത്തുകയാണ്.
Read also: വേനൽക്കാലം എത്തി; കരുതലോടെ ആരോഗ്യവകുപ്പ്






































