തിരുവനന്തപുരം: യുക്രൈനിൽ നിന്നുള്ള 19 മലയാളി വിദ്യാർഥികൾ കൂടി സംസ്‌ഥാനത്ത് എത്തി. മുംബൈ, ഡെൽഹി വിമാനത്താവളങ്ങളിൽ എത്തിയ വിദ്യാർഥികൾ വൈകിട്ട് 6.35ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തങ്ങളെ തിരികെയെത്തിക്കാൻ പ്രയത്‌നിച്ച കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്ക് വിദ്യാർഥികൾ നന്ദി അറിയിച്ചു.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റുമാനിയ, ഹംഗറി എന്നീ രാജ്യങ്ങൾക്ക് പുറമേ മോൾഡോവ വഴിയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനിടെ ഓപ്പറേഷൻ ഗംഗ വഴി നാലാമത്തെ വിമാനം ന്യൂഡെൽഹിയിൽ എത്തി. ബുക്കാറസിൽ നിന്നുള്ള വിമാനത്തിൽ 198 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ വേണ്ടെന്ന് പോളണ്ട് നേരത്തെ അറിയിച്ചിരുന്നു. കീവിൽ നിന്ന് രക്ഷപെടാൻ തീവണ്ടികൾ ഉൾപ്പടെ സജ്‌ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു, ഓപ്പറേഷൻ ഗംഗയുടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. യുക്രൈനിൽ ബാക്കിയുള്ള കുട്ടികളെ ഉടൻ തന്നെ തിരിച്ചെത്തിക്കും. രാവും പകലുമില്ലാതെ കേന്ദ്ര സർക്കാർ അതിന് വേണ്ടി പ്രയത്നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു






































