കോഴിക്കോട്: പ്രളയക്കെടുതിയിൽ വീട് നഷ്‌ടപ്പെട്ടുപോയ പ്രിയ സഹപാഠിക്ക് വീട് നിർമിച്ചുനൽകി സ്‌നേഹ കൂട്ടായ്‌മ. വട്ടോളി നാഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥി എടക്കുടി അഭിനന്ദിനാണ് സ്‌കൂൾ മാനേജ്‌മന്റ്, പിടിഎ, അധ്യാപകർ, അനധ്യാപകർ, സഹപാഠികൾ, പൂർവവിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഒന്നിച്ചു ചേർന്നുനിന്ന് വീട് നിർമിച്ചു നൽകിയത്.
സ്‌കൂൾ മാനേജ്‌മന്റ് മുന്നിൽനിന്ന് നയിച്ചപ്പോൾ ഒരു കുടുംബത്തിന്റെ ഏറെ നാളത്തെ സ്വപ്‌നം സഫലമാക്കാൻ സഹപാഠികളും അധ്യാപകരും കൈമെയ് മറന്ന് ഒപ്പം നിൽക്കുകയായിരുന്നു. വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭവനപദ്ധതിയിൽ ആദ്യമായി നിർമിച്ച സ്‌നേഹ വീടിന്റെ താക്കോൽ അഭിനന്ദിനും അച്ഛൻ സജീവനും സ്‌കൂൾ മാനേജർ വിഎം ചന്ദ്രൻ കൈമാറി.
പിടിഎ പ്രസിഡണ്ട് ടി പ്രസീദ് അധ്യക്ഷനായി. സ്‌നേഹ വീടിന്റെ എഞ്ചിനീയർ സൂരജ് ആർ രവീന്ദ്രന് കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒപി ഷിജിൽ ഉപഹാരസമർപ്പണം നടത്തി. വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി, വാർഡംഗം ഒപി മനോജ്, മാനേജ്‌മന്റ് കമ്മിറ്റി ഭാരവാഹികളായ കെപി രാജൻ, പി രവീന്ദ്രൻ, പ്രധാനാധ്യാപിക കെ പ്രഭാനന്ദിനി, പി ജൂബേഷ്, കെപി രജീഷ് കുമാർ, എ പ്രജീഷ്, കെ ജയകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം








































