വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

'പി​ഴ ചു​മ​ത്തി വാ​ഹ​ന​ങ്ങ​ൾ വിട്ടുകൊടുക്കുന്ന രീ​തി​ അവസാനിപ്പിച്ച്, പിടികൂടുന്ന വാഹനങ്ങൾ ഏറ്റവും കുറഞ്ഞത്. വാഹന ഉടമയുടെ ചെലവിൽ 15 ദിവസമെങ്കിലും കസ്‌റ്റഡിയിൽ വെച്ച ശേഷം പിഴചുമത്തുന്ന രീതി വന്നാലേ പൊതുബോധമില്ലാത്ത തോന്നിവാസങ്ങൾക്ക് അറുതിയുണ്ടാകു'.

By TK Midhuna, Official Reporter
  • Follow author on
illegal modifications in vehicle; people can report to these numbers
Ajwa Travels

റോഡിനെ വിറപ്പിച്ച്, പൊതുജനങ്ങളുടെ കേൾവിയെ ബാധിക്കുന്ന തരത്തിൽ ശബ്‌ദവുമായി പായുന്ന പൊതുബോധമില്ലാത്ത തോന്നിവാസികളുടെ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ അഭ്യർഥിച്ച് അധികൃതർ.

സൈലൻസറിൽ മാറ്റംവരുത്തി അമിതശബ്‌ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, ഹാൻഡിൽ ബാറിൽ മാറ്റങ്ങൾ വരുത്തുക, വാഹനത്തിന് രൂപമാറ്റം വരുത്തുക, ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, വാഹനത്തിന്റെ കളർ മാറ്റുക, അകത്തേക്ക് കാണാത്ത രീതിയിൽ ഫിലിം ഒട്ടിക്കുക, അമിത ശബ്‌ദം അല്ലെങ്കിൽ കാതുകളെ വെറുപ്പിക്കുന്ന ശബ്‌ദങ്ങൾ ഹോൺ ആയോ ഘടിപ്പിക്കുക, നമ്പർ പ്‌ളേറ്റിൽ കൃത്രിമത്വം കാണിക്കുക തുടങ്ങിയ പരാതികളാണ് ഇനി പറയുന്ന നമ്പറുകളിൽ അറിയിക്കേണ്ടത്.

വാട്ട്സ്ആപ്പ് നമ്പറുകൾ;

തിരുവനന്തപുരം- 918 896 1001
കൊല്ലം- 918 896 1002
പത്തനംതിട്ട- 918 896 1003
ആലപ്പുഴ- 918 896 1004
കോട്ടയം- 918 896 1005
ഇടുക്കി- 918 896 1006
എറണാകുളം- 918 896 1007
തൃശൂർ- 918 896 1008
പാലക്കാട്- 918 896 1009
മലപ്പുറം- 918 896 1010
കോഴിക്കോട്- 918 896 1011
വയനാട്- 9188961012
കണ്ണൂർ- 9188961013
കാസർഗോഡ്- 9188961014

illegal modifications in vehicle; people can report to these numbers

ഉയർന്ന നിലവാരമുള്ള എഞ്ചിനിയർമാരും ആരോഗ്യ വിദഗ്‌ധരും റോഡ് സുരക്ഷാ ഗവേഷകരും അനേകം മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ വരെ ഗവേഷണം നടത്തിയും അത് വിവിധതലങ്ങളിൽ പരീക്ഷണം നടത്തിയുമാണ് അതാത് വാഹനങ്ങളുടെ നിർമാണം പൂർത്തീകരിക്കുന്നത്. ശേഷം, ഈ വാഹനങ്ങൾ, അത് 2 വീലർ ആയാലും മറ്റേതൊരു വാഹനമായാലും കേന്ദ്ര റോഡ് സുരക്ഷാ വകുപ്പ് ഉൾപ്പടെയുള്ള അനേകം ദേശീയ-അന്തർദേശീയ അംഗീകൃത ടെസ്‌റ്റിങ്‌ ഏജൻസികളുടെ അനുമതി വാങ്ങണം. എങ്കിൽ മാത്രമേ വാഹനം വിൽപനക്ക് തയ്യാറാക്കാൻ സാധിക്കൂ.

നമ്മുടെ ആരോഗ്യവും സുരക്ഷയും റോഡിലെ സുരക്ഷയും കണക്കിലെടുത്ത് ഇപ്രകാരം പുറത്തിറക്കുന്ന വാഹനത്തിൽ രൂപമാറ്റം വരുത്താൻ നിയമ പ്രകാരം നിബന്ധനകളുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ആർസി ബുക്കിൽ ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. മാറ്റങ്ങൾ മറ്റ് യാത്രക്കാർക്കോ തന്റെ ആരോഗ്യത്തിനോ പൊതുജനങ്ങൾക്കോ അപായം സൃഷ്‌ടിക്കുന്നതല്ല എന്ന് ഉദ്യോഗസ്‌ഥർ സാക്ഷ്യപ്പെടുത്തണം. എങ്കിൽ മാത്രമേ പ്രസ്‌തുത മാറ്റം വാഹനത്തിൽ അനുവദിക്കൂ.

illegal modifications in vehicle; people can report to these numbers

നിയമവിരുദ്ധമായ മാറ്റങ്ങൾ; 

ബൈക്കിൽ എക്‌സ്ട്രാ ക്രാഷ് ഗാർഡുകൾ, വീതിയുള്ള ടയർ ഘടിപ്പിക്കൽ, സൈലൻസർ മാറ്റൽ, റിയർവ്യൂ കണ്ണാടികൾ നീക്കം ചെയ്യൽ. മറ്റു വാഹനങ്ങളിലാകട്ടെ, എക്‌സ്ട്രാ ബംപറുകൾ, മുന്നിലെയും പിറകിലെയും ഗ്ളാസുകളിലെ ഫിലിമുകൾ, ബോഡിയിലെ ഗ്രാഫിക്‌സ്, മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന ചിത്രങ്ങൾ, സ്‌റ്റിക്കറുകൾ, തള്ളി നിൽക്കുന്ന തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ, സൈറനുകൾ തുടങ്ങിയവയാണ് ഇതുവരെ ശ്രദ്ധയിൽപ്പെട്ടവ.

ഇത്തരം നിയമലംഘകര്‍ റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്ക് പുറമെ, ഉണ്ടാക്കുന്ന തീവ്രശബ്‌ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള, ഹൃദ്രോഗികള്‍ ഉൾപ്പടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ സൈലന്‍സർ’ എന്ന പേരില്‍ മോട്ടോർ വാഹന വകുപ്പ് ഒരു പ്രത്യേക പരിശോധന ആരംഭിച്ചത്.

എന്നാല്‍, പരിമിതമായ അംഗസംഖ്യയുള്ള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രം ഇത്തരം നിയമലംഘനങ്ങള്‍ തടയാനാവില്ല. അതിന് നമ്മൾ പൊതുജനത്തിന്റെ കൂടി സഹകരണവും സഹായവും അത്യാവശ്യമാണ്. ഈ സമൂഹത്തോട് ഉദ്യോഗസ്‌ഥർക്ക് മാത്രമല്ല, ഇവിടെ ജീവിക്കുന്ന നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്.

illegal modifications in vehicle; people can report to these numbers

പിഴ മാത്രം പോര, കൂടുതൽ നടപടിയും ഉണ്ടാവണം

‘നിയമം ലംഘിച്ചാൽ എന്താ, അത് ഫൈൻ അടച്ചാൽ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ’ എന്നൊരു അമിത ആത്‌മവിശ്വാസം നമ്മൾ ഓരോരുത്തരുടെയും മനസിൽ ആഴത്തിൽ പതിഞ്ഞുപോയ ഒന്നാണ്. അതിന് കാരണം നിയമ ചട്ടക്കൂടിലെ പിഴവുകൾ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പല പേരിലും പല രീതിയിലും അധികൃതർ നിയമ ലംഘകരെ പിടികൂടാൻ പദ്ധതികൾ ആവിഷ്‌കരിച്ചതിന് ശേഷവും ഇത്തരം തോന്നിവാസങ്ങൾ കൂടിവരുന്നത്.

പിഴയടക്കുക എന്ന ഒരു ശിക്ഷാ വിധിയിൽ മാത്രം ഒതുക്കാതെ പിടികൂടുന്ന വാഹനങ്ങൾ ഏറ്റവും കുറഞ്ഞത് 15 ദിവസമെങ്കിലും കസ്‌റ്റഡിയിൽ വെച്ച ശേഷം പിഴചുമത്തുന്ന രീതി വന്നാലേ പൊതുബോധമില്ലാത്ത തോന്നിവാസങ്ങൾക്ക് അറുതിയുണ്ടാകൂ എന്നാണ് വിദഗ്‌ധർ പറയുന്നത്. ഇതിനാവശ്യമായ മാറ്റങ്ങൾ നിയമത്തിൽ വരുത്തേണ്ടതുണ്ട്.

അപ്പോൾ ചിലർ ഉന്നയിക്കുന്ന പ്രശ്‌നം ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങൾ എവിടെ സൂക്ഷിക്കും എന്നതാണ്. ഇപ്പോൾ തന്നെ റോഡ് അപകടങ്ങളിലും മണ്ണ്-മണൽ തുടങ്ങിയവയുടെ അനധികൃത കടത്തിലും പിടിച്ചിടുന്ന വാഹനങ്ങൾ പോലീസ് സ്‌റ്റേഷന് മുന്നിലും മറ്റുമായി കൂടിനിൽക്കുന്ന കാഴ്‌ച പതിവാണ്.

illegal modifications in vehicle; people can report to these numbers

എന്നാൽ ഇതിനും പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്വകാര്യ സ്‌ഥലങ്ങൾ വാടകക്ക് എടുക്കാവുന്നതാണ്. ഈ വാടക, പിടികൂടുന്ന വാഹന ഉടമകളിൽ നിന്ന് ഈടാക്കാനുള്ള സംവിധാനവും കൊണ്ടുവരണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിന് റോഡ് സുരക്ഷാ ബോധം ഉണ്ടാകു,– ഒന്നരമാസം മുൻപ്, കാറിൽ നിന്നിറങ്ങി റോഡ് ക്രോസ്‌ ചെയ്യവേ ബൈക്ക് ഇടിച്ചു വീഴ്‌ത്തി അപകടത്തിൽപെട്ട് കോഴിക്കോട് മിംസിൽ കഴിയുന്ന പ്രവാസിയായ 40കാരൻ ഉമർ ശിഹാബ് പറയുന്നു.

റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. റോഡ് അപകടങ്ങളിലും മറ്റ് കുറ്റകൃത്യങ്ങളിലും വാഹനം തിരിച്ചറിയുന്നതിനും ഇതുവഴി പ്രതികളെ പിടികൂടുന്നതിനും വാഹനങ്ങളുടെ രൂപമാറ്റം വലിയ പ്രതിസന്ധി സൃഷ്‌ടിക്കാറുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്ക് എതിരെ ഉദ്യോഗസ്‌ഥരും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത കാണിച്ചെങ്കിലേ ഇവ തടയാൻ കഴിയൂ.

വാഹന പരിശോധന ഉണ്ടെങ്കിൽ അതുവഴി വരുന്ന വാഹങ്ങൾക്ക് സിഗ്‌നൽ നൽകി വഴിതിരിച്ചു വിടാൻ കാണിക്കുന്ന ‘ആത്‌മാർഥത’യുടെ നൂറിലൊന്ന് ഇത്തരം നിയമ ലംഘകരെ പിടികൂടുന്നതിന് അധികൃതരെ സഹായിക്കാൻ കാണിച്ചാൽ അതിന്റെ നേട്ടം നിങ്ങൾക്കും വരും തലമുറക്കും കൂടിയാണെന്ന് ഓർക്കുക…

Most Read:  എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE