ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ആഭ്യന്തര സർവേ. സംസ്‌ഥാനത്തെ അടുത്ത സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ലെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ സൂചിപ്പിക്കുന്നുവെന്ന് ന്യൂ എക്‌സ്‌പ്രസ് റിപ്പോർട് ചെയ്‌തു.
കേന്ദ്രമന്ത്രിയുടെ മകൻ പ്രതിയായ ലഖിംപൂർ ഖേരി സംഘർഷത്തേക്കാൾ മുഖ്യപ്രതിപക്ഷമായ എസ്‌പിക്കൊപ്പം രാഷ്‌ട്രീയ ലോക്‌ദൾ ചേർന്നതാണ് ബിജെപിക്ക് നേരിടേണ്ടി വന്ന പ്രധാന തിരിച്ചടി. പട്ടികജാതികളുടെയും പിന്നോക്ക സമുദായങ്ങളുടെയും മേൽ ബിജെപിക്ക് നിർണായക സ്വാധീനമാണുള്ളത്. എന്നാൽ, ന്യൂനപക്ഷ ധ്രുവീകരണവും യാദവരും ഉന്നതജാതിക്കാരായ കർഷകരും എസ്‌പി നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തോട് അനുകൂല സമീപനം സ്വീകരിച്ചതും ബിജെപിക്ക് പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള വിഭജനം കൊണ്ടുവരാൻ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് സാധിച്ചിട്ടില്ലെന്നാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങൾ എസ്‌പി നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളോടാണ് ചായ്‌വ് കാണിച്ചുവരുന്നത്. എന്നാൽ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, എസ്‌സി വോട്ടുകളിലും ക്രമേണ വിള്ളൽ വരുത്തുന്നുണ്ട്. ഇത് നാലാംഘട്ട വോട്ടെടുപ്പ് കഴിയുമ്പോഴേക്കും ബിജെപിക്ക് സഹായകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read: വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ








































