തൃശൂർ: യാത്രക്കാരെ നിറച്ചു റോഡിലൂടെ ചെരിഞ്ഞു ഓടിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. കൂത്താട്ടുകുളം ഡിപ്പോയിലെ ഓർഡിനറി ബസാണ് എംസി റോഡിൽ വെച്ച് പിടികൂടിയത്. വിദ്യാർഥികളെയടക്കം കുത്തിനിറച്ചായിരുന്നു ബസിന്റെ സാഹസിക യാത്ര.
ബസ് ചെരിഞ്ഞു ഓടുന്നത് ശ്രദ്ധയിൽപ്പെട്ട കുറുവിലങ്ങാട്ടെ ഓട്ടോറിക്ഷക്കാർ മോട്ടോർ വാഹനവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എത്തി പരിശോധിച്ചു. ബസിന്റെ ലീഫിന് ഗുണനിലവാരം ഇല്ലെന്നും സർവീസ് നടത്താൻ യോഗ്യമല്ലെന്നും കണ്ടെത്തി.
കുറവിലങ്ങാട് മുതൽ കുര്യനാട് വരെ ബസിനെ അനുഗമിച്ച മോട്ടോർ വാഹന വകുപ്പ് കുര്യനാട്ടിൽ വെച്ച് ഭൂരിപക്ഷം വിദ്യാർഥികളെയും ബസിൽ നിന്ന് ഇറക്കി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ കൂത്താട്ടുകുളം ഡിപ്പോയിൽ വിവരം അറിയിക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ശേഷമേ സർവീസ് നടത്താനാകുള്ളൂവെന്നും നിർദ്ദേശിച്ചു.
Most Read: ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം






































