കോഴിക്കോട്: കഴിഞ്ഞ ഇരുപത് വർഷമായി കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചു വരുന്ന മർകസ് ഇന്റർനാഷണൽ സ്‌കൂളിൽ പണിപൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാളെ നിർവഹിക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷതയും വഹിക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സ്വാഗത ഭാഷണം നടത്തും.
ചടങ്ങിൽ യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജേതാക്കളായ വിദ്യാർഥികൾക്ക് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്‌കാരങ്ങൾ കൈമാറും. എൽപി സ്‌കൂൾ വിദ്യാർഥികൾക്കുള്ള ജൂനിയർ സ്‌കൂൾ പ്രോഗ്രാം ലോഞ്ചിങ് മന്ത്രി അഹമദ് ദേവർകോവിലും ATAL ടിങ്കറിങ് ലാബിന്റെ ഔദ്യോഗിക പ്രഖ്യാപനം എംകെ രാഘവൻ എം പിയും നിർവഹിക്കും.
സ്‌കൂളിലെ ബയോ ഡൈവേഴ്‌സിറ്റി മിഷൻ എളമരം കരീം എംപി പ്രഖ്യാപിക്കും. എൽഎസ്‌എസ് സ്‌കോളർഷിപ് നേടിയ കുട്ടികൾക്ക് കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ സമ്മാന വിതരണം നടത്തും. യങ്‌സ്‌പയർ അവാർഡ് കോഴിക്കോട് ഡെപ്യൂട്ടി മേയർ സിപി മുസാഫിർ നൽകും. അക്കാദമിക് എക്‌സലൻസ് അവാർഡ് അഡ്വ. പിടിഎ റഹീം എംഎൽഎയും കഴിഞ്ഞ അക്കാദമിക വർഷത്തിൽ മികച്ച വിജയം നേടിയവർക്കുള്ള സ്‌കൂൾ DUX അവാർഡ് ഐയുഎംഎൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാലയും സമ്മാനിക്കും.
യുവ കർഷകർക്കുള്ള അവാർഡ് വാർഡ് കൗൺസിലർ പ്രവീൺകുമാർ നൽകും. മദ്രസ മുഅല്ലിം ക്ഷേമ നിധി ബോർഡ് ചെയർമാൻ, അബ്‌ദുൽ ഗഫൂർ സൂര്യ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വിഎം കോയ മാസ്‌റ്റർ, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്‌റ്റർ, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വികെ സജീവൻ, ഡിസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസാ പ്രസംഗം നിർവഹിക്കും സമാപന സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രഭാഷണം നടത്തും.

അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസവും അടിസ്‌ഥാന സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ് മർകസ് ഇന്റർനാഷണൽ സ്‌കൂൾ. വിദ്യാർഥികളുടെ അഭിരുചി അനുസരിച്ച് വളരുന്നതിനാവശ്യമായ സംവിധാനങ്ങൾ സ്‌കൂളിൽ ലഭ്യമാണ്.
‘മുൻ വർഷങ്ങളിൽ മികച്ച വിജയം നേടിയ സ്‌കൂളിലെ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. മികവിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തമ ഉദാഹരണം കൂടിയാണ് മർകസ് ഇന്റർനാഷണൽ സ്‌കൂൾ. പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും സംബന്ധിക്കും‘ –അധികൃതർ പത്രകുറിപ്പിൽ വിശദീകരിച്ചു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം








































