മോസ്കോ: യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സികൾ റിപ്പോർട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഇടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു.
ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ് ഇപ്പോൾ റഷ്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. ഖാര്‍കീവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട് ചെയ്യുന്നത്.
രക്ഷാ ദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്കിയ റിപ്പോര്‍ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിന് സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റഷ്യന്‍ നിര്‍മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാലുടൻ വിമാനങ്ങള്‍ പുറപ്പെടും. രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
Read Also: സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ








































