ന്യൂയോർക്ക്: യുക്രൈനിൽ കുടുങ്ങിക്കിടക്കുന വിദേശീയരെ പുറത്തെത്തിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് റഷ്യ. ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയിൽ റഷ്യൻ പ്രതിനിധിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ജനങ്ങളെ പുറത്തേക്ക് എത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികൾക്കും മറ്റ് വിദേശ പൗരൻമാർക്കുമായി ബെൽഗറോഡ് മേഖലയിൽ ബസുകൾ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്‌ട്ര സഭയിലെ റഷ്യൻ പ്രതിനിധി വാസിലി നബെൻസിയ പറഞ്ഞു.
റഷ്യയിലെ ബെൽഗൊറോഡ് അതിർത്തിയിൽ രാവിലെ 6 മണി മുതൽ 130 ബസുകൾ കാത്തുനിൽക്കുകയാണ്. ഹാർകിവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താൽകാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവക്കുള്ള സൗകര്യങ്ങൾ ചെക്ക്‌പോസ്‌റ്റിൽ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിൽസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടെന്ന് നബെൻസിയ അറിയിച്ചു.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് ഈ ആശ്വാസകരമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുദ്ധമാരംഭിച്ച ശേഷം 18000 പൗരൻമാരെ രക്ഷപെടുത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയച്ചതാണ് സർക്കാർ വിദ്യാർഥികളെയടക്കം തിരിച്ചെത്തിച്ചത്.
Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…






































