കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ താൻ നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും അതിന് ശേഷമുണ്ടായ പ്രതിസന്ധികളെ കുറിച്ചും മനസ് തുറക്കുകയായിരുന്നു നടി. അഞ്ചുവർഷത്തെ യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. 15 ദിവസത്തെ വിചാരണക്കിടെയാണ് താൻ ഇരയല്ല അതിജീവതയെന്ന തിരിച്ചറിവുണ്ടായത്.
‘കേസിന് ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ സംഘടിത ആക്രമണമുണ്ടായി. കേസ് താൻ കെട്ടിച്ചമച്ചതാണെന്നും മരിച്ചുകൂടെ എന്നും പലരും ചോദിച്ചിരുന്നു. ഇത് വേദനയുണ്ടാക്കി. കേസിന് ശേഷം തൊഴിലവസരങ്ങൾ നിഷേധിക്കപ്പെട്ടു. എല്ലാം മതിയായെന്ന് ഒരു ഘട്ടത്തിൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, ഡബ്‌ള്യുസിസി അടക്കം പലരും ഒപ്പം നിന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്നിവരടക്കം പലരും അവസരങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നു. ഷാജി കൈലാസ്, ഭദ്രൻ, ജിനു എബ്രഹാം എന്നിവരും ഒപ്പം നിന്നു. പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി’; ഭാവനയുടെ വാക്കുകൾ.
തിരിച്ചുവരാൻ ഭയമായിരുന്നുവെന്നും ഭാവന പറയുന്നു. ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറാൻ സാധിക്കില്ല എന്നതായിരുന്നു കാരണം. വിചാരണയുടെ പതിനഞ്ച് ദിവസങ്ങൾ ഏറെ കഠിനമായിരുന്നു. താൻ പൂർണമായും ഒറ്റപ്പെടൽ അനുഭവിച്ചു. ഇത് തന്റെ മാത്രം പോരാട്ടമാണ്. ഇനിയും പോരാടും. എനിക്കെന്റെ മാന്യത തിരിച്ചുകിട്ടണം. വ്യക്‌തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ, അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.
Most Read: ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്