ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ് ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. കേന്ദ്രമന്ത്രി വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ ഗംഗ വഴിയാണ് ഹർജോതിനെ നാട്ടിലെത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കളഞ്ഞു പോയിരുന്നതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 27ആം തീയതിയാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും ലെവിവിലേക്ക് പോകുന്നതിനിടെ ഹർജോതിന് റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റത്. തോളിനും, കാലിനും പരിക്കേറ്റ ഹർജോത് നിലവിൽ കീവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. അതേസമയം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടേത് വെറും പൊള്ളയായ വാക്കുകളാണെന്നും തന്നെ സഹായിച്ചില്ലെന്നും നേരത്തെ ഹര്‍ജോത് പറഞ്ഞിരുന്നു.
ലെവിവിലെത്താന്‍ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്. യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും, എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാൻ കഴിയാതെ വീടുകൾക്കുള്ളിൽ അവർ ഭീതിയിൽ കഴിയുകയാണെന്നും ഹർജോത് വ്യക്തമാക്കിയിരുന്നു.
Read also: പീഡനക്കേസ്; ടാറ്റൂ സ്റ്റുഡിയോയിലെ ഡിവിആർ ഫോറൻസിക് പരിശോധനക്ക് അയക്കും







































