ന്യൂഡെൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിയുമായി സംസാരിക്കും. ഫോൺ കോളിലൂടെ ഇരുവരും ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. റഷ്യ യുക്രൈനിൽ യുദ്ധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഇരുവരും തമ്മിൽ ചർച്ച നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. അതിന് പിന്നാലെ ഫെബ്രുവരി 26ആം തീയതിയാണ് മോദിയും സെലെൻസ്കിയും തമ്മിൽ ഫോണിൽ സംസാരിച്ചത്. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ പിന്തുണ സെലെൻസ്കി തേടുകയും ചെയ്തിരുന്നു. എന്നാൽ റഷ്യക്കെതിരെ നിലപാടെടുക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം യുക്രൈനിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ് ഇന്ന് നാട്ടിലെത്തും. വൈകുന്നേരം 6 മണിയോടെ വ്യോമസേനാ വിമാനത്തിൽ ഹർജോത് സിംഗ് ഡെൽഹിയിൽ എത്തിച്ചേരും. കൂടാതെ ഇന്ന് 7 വിമാനങ്ങളിലായി 1,500 വിദ്യാർഥികളെ കൂടി യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കും.
Read also: കെ റെയിൽ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി, സമരപരിപാടികൾ സംഘടിപ്പിക്കും






































