ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.
യുക്രൈനിലെ നിലവിലുള്ള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും മാനുഷിക ഇടനാഴി ഒരുക്കിയതിനും പുടിനെ മോദി പ്രശംസിച്ചു. ഇന്ത്യന്‍ വിദ്യാർഥികളെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിന്‍ അറിയിച്ചു.
സെലെൻസ്‌കിയുമായും മോദി ഇന്ന് ഫോണിലൂടെ സംസാരിച്ചിരുന്നു. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനും റഷ്യയും തമ്മിൽ നേരിട്ട് നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന് സെലെൻസ്‌കിയോട് മോദി നന്ദി പറഞ്ഞു.
യുക്രൈനിലെ സ്‌ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു. സുമിയിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ യുക്രൈൻ സർക്കാരിന്റെ തുടർച്ചയായ പിന്തുണ മോദി അഭ്യർഥിച്ചു. 35 മിനുട്ടോളം നീണ്ടുനിന്ന ഫോൺ സംഭാഷണത്തിൽ റഷ്യയുമായി നേരിട്ടുള്ള ചർച്ച തുടരുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. സമാധാനപരമായ പരിഹാരത്തിനൊപ്പം മാത്രമേ ഇന്ത്യ നില്‍ക്കുകയുള്ളൂവെന്നും മോദി, സെലന്‍സ്‌കിയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം