
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ ട്രാക്കിലേക്ക് വീണുപോയ നാല് വയസുകാരിക്ക് രക്ഷകരായി പോലീസുകാർ. പ്ളാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാർ പുറത്ത് എത്തിക്കുകയായിരുന്നു. മധുര സ്വദേശി സെൽവകുമാറിന്റെയും രേമുഖിയുടെയും മകൾ റിയശ്രീയാണ് വർക്കല റെയിൽവേ സ്‌റ്റേഷനിൽ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞദിവസം ഉച്ചക്ക് മധുര-പുനലൂർ പാസഞ്ചറിലാണ് വർക്കല സന്ദർശിക്കാനായി മധുരയിൽ നിന്നുള്ള സംഘം എത്തിയത്. തീവണ്ടി വർക്കല സ്‌റ്റേഷനിൽ നിർത്തിയപ്പോൾ പ്ളാറ്റ്‌ഫോമിലേക്ക് ഇറങ്ങുമ്പോഴാണ് റിയശ്രീ അപകടത്തിൽപ്പെട്ടത്. കാൽവഴുതി കുട്ടി പ്ളാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണതോടെ ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ചു.
ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സിവിൽ പോലീസ് ഓഫിസർമാരായ ബിനീഷ്, എംഎസ് ഷാൻ എന്നിവർ ഓടിയെത്തി. ഇവർ തീവണ്ടിക്കടിയിൽ നിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ളാറ്റ്‌ഫോമിൽ എത്തിച്ചു. സ്‌റ്റേഷൻ മാസ്‌റ്ററുടെ മുറിയുടെ സമീപത്തായിരുന്നു അപകടം നടന്നത്. ബഹളം കേട്ടതിനാൽ അപകടവിവരം സ്‌റ്റേഷൻ സൂപ്രണ്ട് ശിവാനന്ദന്റെ ശ്രദ്ധയിലുമെത്തി. അതിനാൽ അദ്ദേഹം തീവണ്ടിക്ക് സിഗ്‌നൽ നൽകാതിരുന്നതും അപകടമൊഴിവാക്കി.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം





































