കാസർഗോഡ്: കുന്നുംകൈ ഏച്ചിലാംകയത്ത് വനംവകുപ്പ് സംഘം ഒമ്പത് നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. കുന്നുംകൈ കപ്പാത്തിയിലെ കെവി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ(41), എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.
കേസിലെ മറ്റൊരു പ്രതിയായ പെട്ടിക്കുണ്ട് കുണ്ടിയം കോളിവളപ്പിൽ കെവി വിജയനെ വനംവകുപ്പ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സ്വകാര്യ എസ്‌റ്റേറ്റിൽ മൃഗങ്ങളെ വേട്ടയാടാനുള്ള ശ്രമത്തിനിടെയാണ് രഹസ്യ വിവരത്തെ തുടർന്ന് കാസർഗോഡ് ഫ്ളയിങ് സ്‌ക്വാഡ് തോക്കുകളും അനുബന്ധ സാമഗ്രികളും പിടികൂടിയത്. അന്നേ ദിവസം വിജയൻ ഒഴികെ മറ്റു പ്രതികൾ ഓടിരക്ഷപ്പെട്ടിരുന്നു.
പ്രതികൾ സഞ്ചരിച്ചിരുന്ന പെട്ടി ഓട്ടോ പിന്നീട് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. കീഴടങ്ങിയ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാൻ ഉണ്ടെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ അഷ്‌റഫ് അറിയിച്ചു.
Most Read: ബജറ്റ്; മൃഗസംരക്ഷണ മേഖലയ്‌ക്ക് 392.64 കോടി






































