കണ്ണൂർ: ജില്ലയിൽ നടന്ന ലഹരിക്കടത്തിലെ പ്രധാന പ്രതികൾ സംസ്‌ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ യുവതിയുടെ ബന്ധുവായ മരക്കാർകണ്ടി സ്വദേശി ജനീസും നിസാമുമാണ് സംഘത്തിലെ പ്രധാന പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ഒളിവിൽപ്പോയ സ്‌ഥലത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ജനീസിന്റെ പടന്നപ്പാലത്തെ ഇന്റീരിയൽ ഡെക്കറേഷൻ സ്‌ഥാപനത്തിൽ നിന്ന് വൻ തോതിലുള്ള ലഹരി ഉൽപ്പന്നങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. 3.4 ഗ്രാം വരുന്ന 207 എൽഎസ്‌ഡി സ്‌റ്റാമ്പ്, 39 ഗ്രാം വരുന്ന 90 ലഹരി ഗുളികകൾ, 18.5 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
ബെംഗളൂരുവിൽ നിന്ന് എത്തുന്ന ലഹരി വസ്‌തുക്കൾ പായ്‌ക്കറ്റുകളിലാക്കി ഇടപാടുകാർക്ക് എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്. ജനീസിന്റെ സിറ്റിയിലെ വീട്ടിലും ഇന്നലെ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. ലഹരി മരുന്നുകൾ ഗുളിക രൂപത്തിലാക്കിയാണ് ഇയാൾ സൂക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Most Read: യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ആലത്തൂരിൽ നാളെ ഹർത്താൽ




































