ഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ തന്റെ കരിയറില്‍ പുതിയൊരു റെക്കോർഡ് കൂടി കുറിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം കരസ്‌ഥമാക്കിയ ബുംറയുടെ മികവിൽ ശ്രീലങ്കയെ ഇന്ത്യ 109 റൺസിന് പുറത്താക്കിയിരുന്നു. പത്തോവറിൽ 24 റൺസ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റ് എറിഞ്ഞിട്ടത്.
ഇത് എട്ടാം തവണയാണ് ടെസ്‌റ്റ് ക്രിക്കറ്റിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. വെറും 29 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്നാണ് ബുംറ എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്‌ഥമാക്കിയത്. ഇതോടെ ഏറ്റവും കുറവ് മൽസരങ്ങളിൽ നിന്ന് എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവിന്റെ റെക്കോർഡിനൊപ്പം എത്താൻ ബുംറക്കായി.
ഇന്ത്യൻ മണ്ണിൽ വച്ച് ആദ്യമായാണ് ബുംറ ടെസ്‌റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേടുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഇംഗ്ളണ്ടിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും വെസ്‌റ്റിൻഡീസിന് എതിരെയും ബുംറ ഈനേട്ടം കരസ്‌ഥമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു തവണയും താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു.
അതേസമയം ആറിന് 86 എന്ന നിലയിൽ ഇന്ന് കളി തുടങ്ങിയ ശ്രീലങ്കയെ സ്‌കോർ ബോർഡിൽ 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആണ് ഇന്ത്യ മടക്കിയത്. ഇന്ത്യക്കായി ആർ അശ്വിനും മുഹമ്മദ് ഷമിയും രണ്ട്‍ വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്‌ത്തി. ശ്രീലങ്കൻ നിരയിൽ 43 റൺസെടുത്ത ലെഹരു തിരുമന്നെ മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നോക്കിയത്.
Most Read: വിദ്യാർഥി കൺസെഷൻ; ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് എസ്എഫ്ഐ