ഇസ്‌ലാമാബാദ്: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ. ഈ വിഷയത്തിൽ പാർലമെന്റിൽ രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്‌താവന അപൂർണവും അപര്യാപ്‌തവും ആണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.
“ഇന്ത്യൻ പ്രതിരോധ മന്ത്രി ലോക്‌സഭയിൽ പറഞ്ഞത് അപര്യാപ്‌തവും അപൂർണവുമാണ്. പാകിസ്‌ഥാനെ തൃപ്‌തിപ്പെടുത്താൻ അത് പോരാ. ഞാൻ അത് നിരസിക്കുകയും സംയുക്‌ത അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു,”- ഖുറേഷി ഇസ്‌ലാമാബാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരുത്തരവാദപരമായ പ്രവർത്തിക്ക് നിരുത്തരവാദപരമായ പ്രസ്‌താവനയാണ് രാജ്‌നാഥ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ നടത്തുന്ന അന്വേഷണത്തെ ഏകപക്ഷീയമാണെന്ന് വിശേഷിപ്പിച്ച ഖുറേഷി, അത്തരമൊരു അന്വേഷണം മതിയാകില്ലെന്നും അഭിപ്രായപ്പെട്ടു. “മിസൈലിന് പോർമുന ഉണ്ടായിരുന്നെങ്കിൽ ഈ സംഭവത്തിന്റെ ആഘാതം വളരെ വലുതാകുമായിരുന്നു. ഇതൊരു അപകടമാണെന്ന് പറഞ്ഞാൽ മാത്രം പോരാ, ”- അദ്ദേഹം പറഞ്ഞു. ഇതിനെ ഗൗരവത്തോടെ കാണാത്ത മദ്ധ്യമങ്ങളുടെയും ലോക നേതാക്കളുടെയും നടപടിയിൽ ഖുറേഷി ഞെട്ടൽ രേഖപ്പെടുത്തി.
അതിനിടെ, ഇന്ന് രാവിലെ പാർലമെന്റിനെ അഭിസംബോധന ചെയ്യവെ, പാക് പ്രദേശത്ത് മിസൈൽ പതിച്ചത് ആകസ്‌മികമാണെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നേരത്തെയുള്ള പ്രസ്‌താവന രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. “മിസൈൽ യൂണിറ്റിന്റെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനക്കും ഇടയിൽ, മാർച്ച് 9ന് വൈകുന്നേരം 7 മണിയോടെ, ഒരു മിസൈൽ ആകസ്‌മികമായി തൊടുത്തുവിട്ടു,”- എന്നായിരുന്നു പ്രതിരോധ മന്ത്രി പറഞ്ഞത്.
Most Read: നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ








































