ബെംഗളൂരു: റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്‌തമാക്കി പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്ററിന് കൈമാറുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
തിങ്കളാഴ്‌ച നവീനിന്റെ ഭൗതിക ശരീരം ബെംഗളൂരുവിൽ എത്തുമെന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്. യുക്രെയ്‌നിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോളണ്ടിലെ വാഴ്‌സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് മാര്‍ച്ച് 21ന് പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ കെംപഗൗഡെ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നത്.
കഴിഞ്ഞ മാർച്ച് ഒന്നാം തീയതിയാണ് ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തിൽ നവീനിന് ജീവൻ നഷ്‌ടമായത്. തുടർന്ന് ഹർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയായ നവീൻ യുക്രെയ്‌നിലെ ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു.
Read also: ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി പോലീസ്







































